GuidePedia
Home >> Unlabelled >> kerala catholics

0
''എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും'' (യോഹ.11:25).
ഒരിക്കൽ ഗുരു ശിഷ്യരെ മരണത്തെകുറിച്ച് പഠിപ്പിക്കുകയായിരുന്നു. ശിഷ്യരെല്ലാവരും ആദരവോടെയാണ് ഗുരുവിന്റെ വാക്കുകൾ കേട്ടിരുന്നത്. അതിനിടയിൽ ഒരു വാനമ്പാടി ആശ്രമമുറ്റത്ത് നിന്നിരുന്ന പാരിജാതത്തിൽ വന്നിരുന്ന് മധുരമായി പാടുവാൻ തുടങ്ങി. ഗുരു നിർദേശിച്ചതനുസരിച്ച് എല്ലാവരും നിശബ്ദമാ യിരുന്ന് ആ ഗാനം ശ്രവിച്ചു. പാട്ട് നിർത്തി പക്ഷി പറന്നകന്നപ്പോൾ ഗുരു പറഞ്ഞു: ''ഏല്പിച്ച ദൗത്യം നിറവേറ്റി സ ന്തോഷത്തോടെ പോകുന്ന ആ പക്ഷിയെപ്പോലെയാകണം നമ്മൾ. അയച്ചവരെ അധികസമയം പിരിഞ്ഞിരിക്കുവാൻ സാധിക്കാ ത്ത സ്വഭാവമുള്ളവനാണ് അയച്ചവൻ. നാം എപ്രകാരം വന്നുവോ അപ്രകാരം തിരികെ പോകേണ്ടവരാണ്. അയച്ചവന്റെ പക്കലേക്കുള്ള തിരിച്ചുപോകലാണ് മരണം.''

ഈശോ കാണിച്ചുതന്നിട്ടുള്ള മാർഗത്തിൽ ചരിക്കുന്നവർക്ക് ശ്രവണസുഭഗമാ യ ഒരു സുന്ദരരാഗം പോലെയാണ് മരണം. യേശുവിന്റെ ജീവിതശൈലി സ്വായത്തമാക്കിയവരെ അത് ഒരു വിധത്തിലും ഭയപ്പെടുത്തില്ല.

നാമൊക്കെ മരണത്തെ ഭയപ്പെടുന്നവരാണ്. പക്ഷേ, ജീവിതത്തിൽ സംഭവിക്കുവാനിരിക്കുന്ന അനിവാര്യമായ ഒരേയൊരു സംഗതിയുണ്ടെങ്കിൽ, അത് മരണം മാത്രമാണ്. 'ഇന്നല്ലെങ്കിൽ നാളെ' നാമൊക്കെ മരിക്കുമെന്നുള്ളത് തീർച്ചയാണ്. മരണത്തെ ഭയത്തോടെയല്ല, വിശ്വാസത്തിലധിഷ്ഠിതമായ പ്രത്യാശയോടും സ്‌നേഹത്തോടും ആയിരിക്കണം അഭിമുഖീകരിക്കേണ്ടത്.

ടാഗോർ പറയുന്നു: ''മരണം എനിക്ക് ഒരു മാലാഖയെപ്പോലെയാണ്. മരണമാകുന്ന മാലാഖ എന്റെ പക്കലേക്ക് വേഗം വരുവാൻ ഞാൻ കാത്തിരിക്കുന്നു. മരണമാകുന്ന മാലാഖ വരുവാൻ വൈകിയാൽ എന്റെ ജീവിതലക്ഷ്യമായ ഈശ്വരദർശ നം ലഭിക്കുവാൻ വൈകും. അതുകൊണ്ട് സുകൃതങ്ങളാകുന്ന പൂക്കൾ കൊണ്ട് മാല കൊരുത്ത്, മരണമാലാഖയെ സ്വീകരിക്കുവാൻ ഞാൻ വെമ്പൽ പൂണ്ട് കാത്തിരിക്കുന്നു.'' ''മരണമേ, നിന്റെ വിജയം എ വിടെ? മരണമേ, നിന്റെ ദംശനം എവിടെ?'' (1 കോറി. 15:55). യേശുക്രിസ്തുവിലുള്ള വിശ്വാസം ജീവിതക്രമമാക്കിയവർ സുകൃതസമ്പത്തുമായി മരണത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നവരായിരിക്കും. അവരുടെമേൽ മരണം വിജയം ഘോഷിക്കുകയില്ല. അവർക്ക് മരണം, ജീവനിൽനിന്ന് ജീവനിലേക്കുള്ള സൗരഭ്യമാണ് (2 കോറി. 2:16); ''എനിക്കു ജീവി തം ക്രിസ്തുവും മരണം നേട്ടവുമാണ്'' (ഫിലി.1:21).

ഭാരതത്തിന്റെ മുൻ രാഷ്ട്രപതി ഡോ.അബ്ദുൾ കലാമിന്റെ പിതാവായ ജലാലുദ്ദിന്റെ മരണത്തെക്കുറിച്ച് ഡോ. കലാം എഴുതിയിരിക്കുന്നു; ''ജീവിതത്തിലൂടെ സ്വരൂപിച്ചെടുത്ത ഉന്നത നന്മകളുമായി നഷ്ടപ്പെട്ട പറുദീസ വീണ്ടെടുക്കുവാൻ അദ്ദേഹം യാത്ര പറഞ്ഞു.'' നമ്മുടെ ഈ ലോകജീവിതം സുകൃതങ്ങളും നന്മകളും സ്വരൂപിച്ചെടുക്കുവാൻ ഉള്ളതായിരിക്കണം. സന്തോഷങ്ങളും സംഘർഷങ്ങളും മാറിമാറി വരുന്ന ജീവിത പ്രയാണത്തിൽ സ്വർഗീയ പറുദീസയിൽ എത്തിച്ചേരുവാനുള്ള സു കൃതങ്ങൾ സമ്പാദിക്കുക എന്നതായിരിക്കണം നമ്മുടെ പരമലക്ഷ്യം.

ബഥാനിയായിലെ കല്ലറയിങ്കൽ മർത്തയുടെയും മേരിയുടെയും അലമുറകൾക്ക് മീതെ, പുരുഷാരത്തിന്റെ ആരവത്തിന് മുകളിൽ, ക്രിസ്തുവിന്റെ സ്വരം ഉയർന്നു: ''ലാസറേ പുറത്തുവരിക.'' ലാസറിനെ കർ ത്താവ് ഈലോകജീവിതത്തിലേക്ക് തിരി കെ കൊണ്ടുവന്നതിന് വലിയ പ്രതീകാത്മക പ്രാധാന്യമുണ്ട്. ജീവിതം മരണത്തോടെ തീരുന്നില്ലെന്നും മരണശേഷവും ജീവിതമുണ്ടെന്നും ലാസറിന്റെ ഉയിർപ്പിലൂടെ നാം മനസിലാക്കണം. ഒപ്പം, യേശു ജീവന്റെയും മരണത്തിന്റെയും നാഥനാണെന്നും വിശ്വസിക്കണം.

മരണാനന്തര ജീവിതം സ്വർഗീയ പറുദീസയിൽ യേശുവിനോടൊപ്പം ആയിരിക്കേണ്ടതുണ്ട്. അതിനായി അനുദിന ജീവിതം പരിശുദ്ധാത്മാവിന്റെ സത്ഫലങ്ങ ൾ പുറപ്പെടുവിപ്പിക്കുന്ന സുകൃതസമ്പന്നമായ ജീവിതമാക്കി നമുക്ക് മാറ്റിയെടുക്കാം. നമുക്കും മരണശേഷം ജീവിക്കുവാൻ വിശ്വാസത്തിലൂടെ ദൈവമഹത്വം സ്വായത്തമാക്കാം. ഒപ്പം, സകല മരിച്ചവരുടെയും അനുസ്മരണ മാസമായ നവംബറിൽ മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്ക് മോക്ഷം പ്രാപിക്കുവാനുള്ള തമ്പുരാന്റെ മനോഗുണം ഉണ്ടാകുവാൻ പ്രാർത്ഥിക്കാം. 

ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ രാജ്ഞിയായ പരിശുദ്ധ അമ്മയോടും നല്മരണ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനോടും നമുക്കുവേണ്ടിയും കുടുംബങ്ങളിൽനിന്ന് മരണംവഴി വേർപിരിഞ്ഞുപോയിട്ടുള്ള പൂർവികരുടെയും പ്രിയപ്പെട്ടവരുടെയും ആത്മശാന്തിക്കായും മാധ്യസ്ഥത തേടാം.

Post a Comment

 
Top